ആറ്റിങ്ങല്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനുവിന് ഉറ്റവരായി ചുറ്റും നിരന്നത് പണ്ട് സ്കൂളില്‍ പഠിച്ചവര്‍.
കാലിനും കണ്ണിനും പരിക്കേറ്റ ബിനു ജീവിതത്തിലേയ്ക്ക് തിരിച്ചുനടക്കാന്‍ തുടങ്ങുമ്പോള്‍ ഈ സ്നേഹക്കൂട്ടായ്മ നല്കുന്ന കരുത്ത് വലുതാണെന്ന് ബിനു പറയുന്നു.
ആറ്റിങ്ങല്‍ പാലസ് റോഡ് ജെ.ടി.വി ഭവനില്‍ ബിനുവിന്(44) ഒരുമാസം മുമ്പാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു. വലതുകാലിനും കണ്ണിനും പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്കോളേജാശുപത്രയില് പ്രവേശിപ്പിക്കപ്പെട്ടു.അപകടത്തിൽപ്പെട്ട ബിനുവിന്റെ സർജറി ഉൾപ്പെടെയുള്ള ചിലവുകളും ബിനുവിനെ ആശുപത്രിയിൽ പരിചരിച്ചതും റോമാനാ മിനറൽ വാട്ടർ കമ്പനിയിലെ ജീവനക്കാരായിരുന്നു. ബിനുവിന്റെ അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. സഹോദരങ്ങളാരുമില്ല. ഒറ്റയ്ക്കായിരുന്നു താമസം. റോമാനാ മിനറല്‍വാട്ടര്‍ കമ്പനിയിലെ സെയില്‍സ് മാനായാരിന്നു ബിനു. ആരുമില്ലാത്തതിനാൽ ബിനുവിനെ മെഡിക്കൽ കോളേജിൽനിന്നും വിട്ടില്ല. തുടർന്ന് ആറ്റിങ്ങലിലെ ഡോ. അനീഷ് ഡോക്ടർമാരുമായി സംസാരിച്ചശേഷം ബിനുവിനെ കൂട്ടികൊണ്ട് വരികയായിരുന്നു.
ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലാണ് ഒന്നുമുതല്‍ ഏഴുവരെ ബിനു പഠിച്ചത്. ഈ ബാച്ചിലെ കുട്ടികളുടെ വാട്സ്ആപ്കൂട്ടായ്മയില് ബിനുവും അംഗമാണ്. അപകടവിവരമറിഞ്ഞ കൂട്ടുകാര്‍ ബിനുവിന് സഹായവുമായെത്തി. മെഡിക്കല്‍കോളേജില്‍ നിന്ന് ആറ്റിങ്ങല്‍ സി.എസ്.ഐ.മിഷന് ആശുപത്രിയിലെത്തിച്ച ബിനുവിന് സഹായത്തിനായി ഒരാളെയും കൂട്ടുകാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരിക്ക് ഭേദപ്പെട്ടുവരുന്നതുവരെ എല്ലാസഹായവും ചെയ്യാനാണ് കൂട്ടുകാരുടെ തീരുമാനം.
ചൊവ്വാഴ്ച്ച രാവിലെ ബിനുവിനെ കാണാനായി എം പി അടൂർ പ്രകാശ് സി.എസ്.ഐ.മിഷന് ആശുപത്രിയിലെത്തി. ബിനുവിന് വേണ്ട ചികിത്സാസഹായത്തിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു
ബിനുവിന് സ്നേഹത്തണല്‍ വിരിച്ച് കൂട്ടുകാര്‍: ആശുപത്രിയിലും സഹായം

Comment here