Accidents

ബൈക്ക് തെന്നിവീണ് പരിക്കേറ്റ യുവാവ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരിച്ചു


ആറ്റിങ്ങല്‍: ബൈക്ക് തെന്നിവീണ് പരിക്കേറ്റ യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരിച്ചു. കല്ലമ്പലം ചാവര്‍കോട് ആശാരിമുക്ക് ഷാന്‍നിവാസില്‍ ഷാജഹാന്‍-സോമിനി ദമ്പതിമാരുടെ മകന്‍ ഷൈന്‍ (27) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 5-മണിയോടെ വര്‍ക്കല അയിരൂരില്‍ ബൈക്ക് തെന്നിവീണ് ഷൈന് ഗുരുതരമായി പരിക്കേറ്റു. പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ രാത്രി 11-മണിയോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. പൂവമ്പാറ പാലത്തിന് നടുക്കുവച്ച് ആംബുലന്‍സ് എതിര്‍ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സിനുളളിലുണ്ടായിരുന്ന ഷൈന്റെ തല ക്യാബിനിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചാവര്‍കോട് സ്വദേശി വിപിന്‍ (22)-നും പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിസ്സാരപരിക്കുമാത്രമേയുള്ളൂ. ഷൈനിനെയും വിപിനെയും ഉടന്‍തന്നെ മറ്റൊരുവാഹനത്തില്‍ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ഷൈന്‍ അതിനോടകം മരണപ്പെട്ടു. മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. വിദേശത്തായിരുന്ന ഷൈന്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. പുതിയ ജോലിക്കായി ശ്രമം നടക്കുന്നതിനിടെയാണ് അപകടം പറ്റിയത്.

Comment here