കൊടും ചൂട് തന്നെ, പാലക്കാട് 41 ഡിഗ്രി വരെ; ഇടി മിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

കൊടും ചൂട് തന്നെ, പാലക്കാട് 41 ഡിഗ്രി വരെ; ഇടി മിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്. പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് നാളെ വരെ ഉഷ്ണ തരം​ഗ മുന്നറിയിപ്പുമുണ്ട്. വിവിധ ജില്ലകളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 24 മുതൽ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

മഴ സാധ്യത

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നൽ ​ജാ​ഗ്രത നിർദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. വരും ദിവസങ്ങളിൽ വിവിധ​ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉഷ്ണ തരം​ഗ മുന്നറിയിപ്പ്

ഇന്നും നാളെയും പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

കേരളം നാളെ വിധി എഴുതും; ഇന്ന് നിശബ്ദ പ്രചാരണം; വോട്ട് ഉറപ്പിക്കാൻ മുന്നണികൾ

കേരളം നാളെ വിധി എഴുതും; ഇന്ന് നിശബ്ദ പ്രചാരണം; വോട്ട് ഉറപ്പിക്കാൻ മുന്നണികൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശബ്ദ പ്രചാരണമാണ്. അവസാന മണിക്കൂറിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് മൂന്ന് മുന്നണികളും സ്ഥാനാർഥികളും.

രണ്ടാം ഘട്ടമായ നാളെ രാജ്യത്ത് കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുക. കേരളത്തിനു പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രം​ഗത്തുള്ളത്. 25231 ബൂത്തുകളിലായി 2.77 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം ഉപയോ​ഗിക്കുക.

നാളെ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. പോളിങ് സാമ​ഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

സംഘർഷ സാധ്യത കണക്കിലെടുത്തു തിരുവനന്തപുരം, തൃശൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് ആറ് മണി മുതൽ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയിൽ ഇന്ന് വൈകീട്ട് ആറ് മണി മുതലാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിങ് ടീമുകൾ ഉണ്ടായിരിക്കും.

സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈഎസ്പിമാരും 100 ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർ/ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികയിലുള്ള 4,540 പേരും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ /സിവിൽ പൊലീസ് ഓഫീസർമാരും ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,464 ഉദ്യോഗസ്ഥരും സുരക്ഷാ ചുമതല നിർവഹിക്കും.

വരികളില്ലാതെ ഗാനമുണ്ടോ?; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

വരികളില്ലാതെ ഗാനമുണ്ടോ?; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നും ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഗാനരചയിതാവ് അടക്കമുള്ളവര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇളയരാജ സംഗീതം നല്‍കിയ 4500-ഓളം പാട്ടുകളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംഗീതക്കമ്പനിയായ എക്കോ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാനിര്‍മാതാക്കളില്‍ നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു.

ഈ വിധിയെ എതിര്‍ത്താണ് എക്കോ കമ്പനി അപ്പീല്‍ നല്‍കിയത്. സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ സംഗീതസംവിധായകനെ നിര്‍മാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിര്‍മാതാവിന് ലഭിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു. ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികള്‍, ശബ്ദം, വാദ്യങ്ങള്‍ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടെന്നും പറഞ്ഞു.

എന്നാല്‍, സംഗീതത്തിനുമേല്‍ ഈണം നല്‍കിയയാള്‍ക്കു തന്നെയാണ് അവകാശമെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ വാദിച്ചു. ഈണത്തിനുമേല്‍ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂര്‍ണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വരികളില്ലാതെ ഗാനമുണ്ടോയെന്നും ചോദിച്ചു. ഹര്‍ജി വിശദമായി വാദംകേള്‍ക്കുന്നതിനായി ജൂണ്‍ രണ്ടാംവാരത്തിലേക്ക് മാറ്റി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സംഗീതത്തില്‍ ഇളയരാജ എല്ലാവര്‍ക്കും മുകളിലാണെന്നു കരുതേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപ. ഗ്രാമിന് 35 രൂപ താഴ്ന്ന് 6625 ആയി.

ഇന്നലെ സ്വര്‍ണ വില പവന് 360 രൂപ കൂടിയിരുന്നു. അതിനു മുമ്പുള്ള മൂന്നു ദിവസങ്ങളിലായി 1600 രൂപയാണ് പവന് കുറഞ്ഞത്.

നാളെ പൊതു അവധി; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

നാളെ പൊതു അവധി; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന് കർശന നിർ‌ദേശം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെയാണ് വിധിയെഴുതുക. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്.

അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മൊബൈൽ ഷോപ്പിന്റെ ബോർഡ് അടിച്ചു തകർത്തതായി പരാതി

മൊബൈൽ ഷോപ്പിന്റെ ബോർഡ് അടിച്ചു തകർത്തതായി പരാതി

ആറ്റിങ്ങൽ എം ഫോർ മൊബൈലിന്റെ പരസ്യ ബോർഡ് സാമൂഹ്യ വിരുദ്ധൻ അടിച്ചു തകർത്തു. ഇന്ന് പുലർച്ചെയാണ് ബോർഡ് അടിച്ചു തകർത്തത്. ഇതിനെതിരെ കടയുടമ സഫീർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.