ആഗോളതലത്തിൽ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ; 2018നെ വെട്ടി മഞ്ഞുമ്മൽ ബോയ്സ്

ആഗോളതലത്തിൽ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ; 2018നെ വെട്ടി മഞ്ഞുമ്മൽ ബോയ്സ്

ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിലെ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന സിനിമയെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. 2018 നേടിയ 175 കോടി രൂപ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് കേവലം 21 ദിവസം കൊണ്ട് മറികടന്നു. നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

‘ഒരു സിനിമകണ്ട് അവസാനമായി ഇങ്ങനെ ചിരിച്ചത് എന്നാണെന്ന് ഓര്‍മയില്ല’; പ്രേമലുവിനെ പ്രശംസിച്ച് മഹേഷ് ബാബു

‘ഒരു സിനിമകണ്ട് അവസാനമായി ഇങ്ങനെ ചിരിച്ചത് എന്നാണെന്ന് ഓര്‍മയില്ല’; പ്രേമലുവിനെ പ്രശംസിച്ച് മഹേഷ് ബാബു

തെലുങ്കില്‍ തരംഗം തീര്‍ക്കുകയാണ് മലയാള ചിത്രം പ്രേമലു. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമ കണ്ട് ഇത്രയധികം ചിരിക്കുന്നത് എപ്പോഴാണെന്ന് ഓര്‍മയില്ല എന്നാണ് താരം എക്‌സില്‍ കുറിച്ചത്. സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറക്കിയ എസ്എസ് കാര്‍ത്തികേയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.

പ്രേമലുവിനെ തമിഴ് പ്രേക്ഷകരിലേക്ക് കൊണ്ടുവന്നതിന് നന്ദി എസ്എസ് കാര്‍ത്തികേയ. ശരിക്ക് ആസ്വദിച്ചു. ഒരു സിനിമകണ്ട് അവസാനമായി ഇത്ര അധികം ചിരിച്ചത് എപ്പോഴാണെന്ന് എനിക്ക് ഓര്‍മയില്ല. എന്റെ കുടുംബത്തിന് ഒന്നടങ്കം ഇഷ്ടപ്പെട്ടു. എല്ലാ യുവതാരങ്ങളുടേയും ഗംഭീര പ്രകടനം. ടീമിന് ഒന്നാകെ ആശംസകള്‍.- മഹേഷ് ബാബു കുറിച്ചു. നസ്ലിനേയും മമിത ബൈജുവിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഹൈദരാബാദ് പശ്ചാത്തലമാക്കിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നേരത്തെ രാജമൗലിയും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ഓസ്‌കറില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; കിലിയന്‍ മര്‍ഫി നടന്‍, എമ്മ സ്റ്റോണ്‍ നടി, ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകന്‍

ഓസ്‌കറില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍; കിലിയന്‍ മര്‍ഫി നടന്‍, എമ്മ സ്റ്റോണ്‍ നടി, ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകന്‍

ലോസാഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം കിലിയന്‍ മര്‍ഫിയും മികച്ച സംവിധായകനുളള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളനും സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് എമ്മ സ്റ്റോണ്‍ അര്‍ഹയായി. പുവര്‍ തിങ്ങ്സിലെ മികവാണ് പുരസ്‌കാര നേട്ടത്തിലെത്തിച്ചത്.
റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സഹനടി ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ്, (ദ ഹോള്‍ഡോവര്‍സ്).

ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ‘വാര്‍ ഈസ് ഓവര്‍’, ആനിമേറ്റഡ് ഫിലിം- ‘ദ ബോയ് ആന്റ് ഹെറോണ്‍’

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- ‘അനാട്ടമി ഓഫ് എ ഫാള്‍,’ ജസ്റ്റിന്‍ ട്രയറ്റ് (ആര്‍തര്‍ ഹരാരി), അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- അമേരിക്കന്‍ ഫിക്ഷന്‍(കോര്‍ഡ് ജെഫേഴ്‌സണ്‍) എന്നിവയും പുരസ്‌കാരത്തിന് അര്‍ഹമായി.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച ഒറിജിനല്‍ സ്‌കോര്‍- ഓപ്പണ്‍ഹൈമര്‍

മികച്ച ഒറിജിനല്‍ സോങ്- ബാര്‍ബി

മികച്ച വിദേശ ഭാഷ ചിത്രം- ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്സ് ഇന്‍ മരിയോപോള്‍ (യുക്രൈയ്ന്‍)

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്

മികച്ച എഡിറ്റര്‍- ജെന്നിഫര്‍ ലേം (ഓപ്പണ്‍ഹൈമര്‍)

മികച്ച വിഷ്വല്‍ എഫക്ട്- ഗോഡ്സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍

മികച്ച കോസ്റ്റ്യൂം ഡിസൈന്‍ പുവര്‍ തിങ്‌സ് (ഹോളി വാഡിങ്ടണ്‍)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- പുവര്‍ തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)

മികച്ച ഹെയര്‍സ്റ്റെലിങ്- പുവര്‍ തിങ്ങ്സ് (നദിയ സ്റ്റേസി, മാര്‍ക് കോളിയര്‍)

‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥകൃത്ത് അന്തരിച്ചു

‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥകൃത്ത് അന്തരിച്ചു

കൊച്ചി: സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് ഭാരതം എന്ന പേര് ഉപേക്ഷിച്ച് ‘ഒരു സർക്കാർ ഉത്പന്നം’ എന്ന് പേര് മാറ്റിയ ചിത്രത്തിന്‍റെ തിരക്കഥകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് തിരക്കഥകൃത്തിന്‍റെ വിയോഗം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

പത്തനംതിട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അതേസമയം ‘ഒരു സർക്കാർ ഉത്പന്നം’ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്.

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ലാല്‍ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന നടന്‍. ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ്‌ വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ& മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

നിയമ വിദ്യാർഥിനിയായി മീന; ‘ആനന്ദപുരം ഡയറീസ്’ ട്രെയിലര്‍

നിയമ വിദ്യാർഥിനിയായി മീന; ‘ആനന്ദപുരം ഡയറീസ്’ ട്രെയിലര്‍

നടി മീന കേന്ദ്ര കഥാപാത്രമാകുന്ന ആനന്ദപുരം ഡയറീസ് ട്രെയിലര്‍ റിലീസ് ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് മീന വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്. ജയ ജോസ് രാജ് തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന്‍ നായരാണ് നിര്‍മിക്കുന്നത്.

ലോ കോളജ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം കുടുംബ ബന്ധങ്ങളുടെ കൂടി കഥ പറയുന്നു. തമിഴ് നടന്‍ ശ്രീകാന്തും മാനോജ് കെ ജയനും ചിത്ത്രതില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നാല്‍പതാം വയസില്‍ നിയമപഠനം പുനരാരംഭിക്കുന്ന വിദ്യാര്‍ഥിനി ആയാണ് മീന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സിദ്ധാര്‍ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെഎസ് ചിത്ര പാടിയ ‘ആര് നീ കണ്‍മണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം യുട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചിരുന്നു. സിനിമ മാര്‍ച്ച് ആദ്യ വാരത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു

ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു

ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (44) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ ആയിരുന്നു അന്ത്യം. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടനാട് ഇൻഫന്റ് ജീസസ് പള്ളിയിൽ നടക്കും.